കണ്ണൂർ വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകൾ കൂട്ടി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകൾ വർധിപ്പിച്ചു. സ്വകാര്യവാഹനങ്ങളായ കാർ, ജീപ്പ് എന്നിവയ്ക്ക് രണ്ടു മണിക്കൂർ പാർക്കിങ്ങിന് 50 രൂപയിൽ നിന്ന് 60 രൂപയാക്കി. ടെമ്പോ, മിനി ബസ് എന്നിവയ്ക്ക് രണ്ടുമണിക്കൂറിന് 100 രൂപയും ബസ്, ട്രക്ക് മുതലായ വലിയ വാഹനങ്ങൾക്ക് 120 രൂപയും നൽകണം. രണ്ടു മണിക്കൂർ കഴിഞ്ഞാൽ 20 രൂപ അധികം നൽകണം.
ടാക്സി വാഹനങ്ങൾക്ക് രണ്ടുമണിക്കൂറിന് 50 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് 100 രൂപയും ഇറക്കാൻ 50 രൂപയുമാണ് ഇതുവരെ ഈടാക്കിയിരുന്നത്. രണ്ടു മണിക്കൂർ കഴിഞ്ഞാൽ 20 രൂപ അധികം നൽകണം. ടെമ്പോ, മിനി ബസ് എന്നിവയ്ക്ക് 500 രൂപയും ബസിന് 700 രൂപയുമാണ് നിരക്ക്. ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും ഓട്ടോ, ഓട്ടോ ടാക്സി എന്നിവയ്ക്ക് 20 രൂപയും പ്രവേശന നിരക്കുണ്ട്. വ്യാഴാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ ഈടാക്കിത്തുടങ്ങിയത്.